കടുത്തുരുത്തി: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു. ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയിൽ. സാധാരണ വെള്ളപ്പൊക്ക സമയത്ത് മീന്‍ പിടിക്കാനിറങ്ങുന്ന ആര്‍ക്കും കുട്ട നിറയെ മീന്‍ കിട്ടുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി വെള്ളപൊക്കത്തില്‍ പറയുന്നത്ര മീനൊന്നും കിട്ടിയില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുകയാണ്. ഇതോടെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാവുന്നത്. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഒരു പകല്‍ മുഴുവന്‍ പണിയെടുത്താലും കാര്യമായ നേട്ടം ഇല്ലാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ ദിവസം 20 മുതല്‍ 25 കിലോ വരെ മത്സ്യം കിട്ടിയിരുന്നു. ഇപ്പോള്‍ മത്സ്യലഭ്യത കുറഞ്ഞതോടെ നിത്യ ചെലവുകൾക്കുളള വരുമാനം പോലും ലഭിക്കാത്ത സ്ഥിതിയാണ്.
മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്ന വേനല്‍കാലത്ത് പലപ്പോഴും വീടുകള്‍ പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. തോടുകളില്‍ നിന്നും കാരി, വരാൽ, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി, മണല്‍ വാള, ആറ്റു ചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്.
ഇത്തരം നാട്ടുമത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ മറ്റു മത്സ്യങ്ങളേക്കാള്‍ ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്കു ഉയര്‍ന്ന വിലയും ലഭിച്ചിരുന്നു. മുന്‍കാലങ്ങളില്‍ വര്‍ഷകാലത്ത് തോടുകളില്‍ ആദ്യം വെള്ളം കലങ്ങി നിറഞ്ഞൊഴുകിയെത്തുന്ന സമയങ്ങളില്‍ ധാരാളം മീന്‍ ലഭിക്കുമായിരുന്നു. കടുത്തുരുത്തി മാര്‍ക്കറ്റ്, കുറുപ്പന്തറ, കല്ലറ, മാന്നാർ, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ പിടികൂടുന്ന മത്സ്യങ്ങളുടെ വില്പന നടക്കുന്നുണ്ട്.
കല്ലറ, കടുത്തുരുത്തി, മാഞ്ഞൂര്‍, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, ചെമ്പ്, മുളക്കുളം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളിലെ തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നു. നാടന്‍മത്സ്യങ്ങളുടെ വംശ നാശമാണ് മീന്‍ കുറയാന്‍ കാരണം. തോടുകളും ചെറിയ നീര്‍ച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകള്‍ ജലാശയങ്ങളുടെ അടിയിലേക്ക് വളർന്ന് ഇയതോടെ മീനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതായി.
കൂടാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ മത്സ്യ സന്പത്ത് നശിക്കാനിടയാക്കിയതായി മത്സ്യതൊഴിലാളിയായ മുണ്ടാര്‍ സ്വദേശി വാസു പറഞ്ഞു. പാടശേഖരങ്ങളിലെ നെല്ലിന് അമിതമായി കീടനാശിനിയും
രാസവളപ്രയോഗവും നടത്തിയതും ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിന് കാരണമായി. കായലില്‍ നിന്ന് ഉപ്പുവെള്ളം കയറ്റി വിടാത്തതും ചില മത്സ്യങ്ങളുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു.
ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്നിടത്തു വച്ചാണ് മിക്ക മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. ഇത് നടക്കാതെ വരുന്നതോടെ ഇവയ്ക്ക് വലിയ വംശനാശമാണ് സംഭവിച്ചത്. കൊല്ലിവലയും വൈദ്യൂതി പ്രവഹിപ്പിച്ചും നഞ്ച് കലക്കിയുള്ളമീന്പിടിത്തവും മത്സ്യങ്ങളുടെ നാശത്തിനിടയാക്കി. ചെറിയ മത്സ്യങ്ങള്‍ ഉള്‍പെടെ വലയില്‍ കുടുങ്ങുന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി.